ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയെ വീഴ്ത്തി കേരളം; ആവേശപ്പോരിൽ ഒരു വിക്കറ്റ് ജയം

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ കരുത്തരായ മുംബൈയെ തകർത്ത് കേരളത്തിന് ജയം. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഒരു വിക്കറ്റിനാണ് കേരളം മുംബൈയെ പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ അഖിൽ സ്‌കറിയയുടെ ഓൾറൗണ്ട് പ്രകടനമാണ് കേരളത്തിന് വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 42.3 ഓവറിൽ 186 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഖിൽ സ്‌കറിയയാണ് മുംബൈയെ തകർത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം വാലറ്റത്ത് തകർത്തടിച്ച ആനന്ദ് ജോസഫിന്റെയും മികച്ച ഫോമിലായിരുന്ന അഖിൽ സ്‌കറിയയുടെയും (39 റൺസ്), രോഹൻ നായരുടെയും (44 റൺസ്) ബാറ്റിംഗ് മികവിൽ 44.4 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.